
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സുപ്രധാന വിധി പുറപ്പെടുവിച്ചു. പ്രിൻസിപ്പൽമാരെ തിരഞ്ഞെടുക്കുന്നതിനായി പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകി.
യുജിസി റെഗുലേഷൻസ് 2018-ലെ വ്യവസ്ഥകൾക്ക് അനുസൃതമായി, പ്രത്യേകിച്ച് റെഗുലേഷൻ 5.1.VIII.A(a) പ്രകാരം, പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാനാണ് ജസ്റ്റിസ് പി.വി. ആശയും പി.കെ. കേശവനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
പ്രിൻസിപ്പൽ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതിയുടെ രൂപീകരണത്തെ ചോദ്യം ചെയ്തും, പ്രിൻസിപ്പൽമാരായി നിയമനം ആവശ്യപ്പെട്ടും പ്രൊഫസർമാർ സമർപ്പിച്ച OA-828/2023 ഉൾപ്പെടെയുള്ള ഹർജികളിലാണ് ഈ ഉത്തരവ്. 2023 ജനുവരി 11-ലെ കരട് തിരഞ്ഞെടുപ്പ് പട്ടികയെ ചോദ്യം ചെയ്തും പുതിയ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും മറ്റ് അപേക്ഷകളും സമർപ്പിച്ചിരുന്നു.
2022 ഫെബ്രുവരി 15-ലെ യോഗ്യതാ തീയതിയെ അടിസ്ഥാനമാക്കി, മുൻപ് അപേക്ഷിച്ച 110 പേരെ മാത്രം പുതിയ തിരഞ്ഞെടുപ്പിൽ പരിഗണിക്കണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. കൂടാതെ, അധ്യയന, ഗവേഷണ മേഖലകളിലെ ഡെപ്യൂട്ടേഷൻ സേവനം മാത്രമേ പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള പരിചയമായി പരിഗണിക്കാവൂ എന്നും യുജിസി റെഗുലേഷൻസ് 2018 അനുസരിച്ച് പിയർ റിവ്യൂഡ്, യുജിസി കെയർ ലിസ്റ്റഡ് ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ അംഗീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
താൽക്കാലിക പ്രൊമോഷൻ ലഭിച്ചവരെയും വിരമിച്ചവരെയും പ്രിൻസിപ്പൽ നിയമനത്തിനായുള്ള അഭിമുഖത്തിന് നിർബന്ധിക്കരുതെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. ഈ നടപടികൾ മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്നും നിലവിൽ 36 പേർക്ക് നൽകിയിട്ടുള്ള നിയമനങ്ങൾ ഈ പുനർതിരഞ്ഞെടുപ്പിന് വിധേയമായിരിക്കുമെന്നും ഉത്തരവിൽ എടുത്തുപറയുന്നു. ഒഴിവുള്ള മറ്റ് തസ്തികകളിലേക്ക് നിയമനത്തിനായി പുതിയ അപേക്ഷകൾ ക്ഷണിച്ച് തിരഞ്ഞെടുപ്പ് നടത്താനും സർക്കാരിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഹർജിക്കാർക്ക് വേണ്ടി അഡ്വ.എം. ഫത്തഹുദ്ദീൻ ഹാജരായി.











